BREAKING NEWSLATESTNATIONAL

കഴിഞ്ഞ ഒരു വര്‍ഷം 59% ഇന്ത്യക്കാര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി

ഇന്റര്‍നെറ്റ് ലഭ്യതയിലുണ്ടായ വളര്‍ച്ചയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് കാരണമായത്. എന്നാല്‍ അതിനു ശേഷം ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സൈബര്‍ സുരക്ഷ മാറിയിരിക്കുകയാണ്.സൈബര്‍ സുരക്ഷ ആശങ്കകളെ കൂട്ടുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസം ഇന്ത്യയിലെ പകുതിയിലധികം ഉപയോക്താക്കള്‍ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
നോര്‍ട്ടണ്‍ ലൈഫ് ലോക്ക് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം പുറത്തിറക്കിറക്കിയ നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ് റിപ്പോര്‍ട്ട് 2021 എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇന്ത്യയിലെ 270 ലക്ഷം വരുന്ന പ്രായപൂര്‍ത്തിയായവര്‍ കഴിഞ്ഞ വര്‍ഷം ഐഡന്റിറ്റി മോഷണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 59 ശതമാനം വരുന്ന മുതിര്‍ന്നവര്‍ കഴിഞ്ഞ 12 മാസം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഇവരെല്ലാം ചേര്‍ന്ന് 1.3 ബില്യണ്‍ മണിക്കൂറുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ക്ക് അറ്റ് ഹോമുകള്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടോ?

എഴുപത് ശതമാനത്തോളം ആളുകള്‍ വിശ്വസിക്കുന്നത് വര്‍ക്ക് അറ്റ് ഹോം ഹാക്കര്‍മാര്‍ക്ക് അനുകൂലമായി എന്നാണ്. ഓഫീസ് കമ്പ്യൂട്ടറുകളുടെ അത്രയും സുരക്ഷിതമല്ലാത്ത സ്വന്തം ലാപ്‌ടോപ്പുകളും, കംമ്പ്യൂട്ടറുകളും ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഹാക്കര്‍മാര്‍ ഉപയോഗപെടുത്തിയെന്നാണ് അവര്‍ കരുതുന്നത്.
തങ്ങളുടെ അക്കൗണ്ടിലേക്കും ഡിവൈസിലേക്കും അനുവാദമില്ലാതെ മറ്റൊരാള്‍ പ്രവേശിച്ചത് തിരിച്ചറിഞ്ഞ 36 ശതമാനം പേരില്‍ പകുതി പേര്‍ക്കും ദേഷ്യവും സമ്മര്‍ദ്ദവും തോന്നിയപ്പോള്‍ അഞ്ചില്‍ രണ്ട് പേര്‍ക്ക് ഭയം തോന്നുകയും അഞ്ചില്‍ മൂന്ന് പേര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായകരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ അഞ്ചില്‍ രണ്ട് ഉപയോക്താക്കള്‍ ഐഡന്റിറ്റി മോഷണത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

66% ഇന്ത്യക്കാര്‍ സൈബര്‍ കുറ്റങ്ങള്‍ക്ക് ഇരയാകുന്നത് ഭയപ്പെടുന്നു.

ഏകദേശം 66 ശതമാനത്തോളം പേര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഭയപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 63 ശതമാനത്തോളം പേര്‍ പറയുന്നത് തങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കോവിഡിന് ശേഷം കൂടിയെന്നാണ്.
53 ശതമാനത്തോളം ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് സൈബര്‍ ആക്രമണങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം എന്ന് അറിയാമെന്ന് പറഞ്ഞപ്പോള്‍, 63 ശതമാനം പേര്‍ ഓണ്‍ലൈനില്‍ കാണുന്ന വിവരങ്ങള്‍ സത്യമാണോ, വിശ്വാസ യോഗ്യമാണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നു.
ഇതിനെല്ലാം പുറമെ സുരക്ഷാ സോഫ്ട്‌വെയറുകള്‍ വാങ്ങുകയോ ഉള്ള സോഫ്ട്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്‌തോ തങ്ങളുടെ അക്കൗണ്ടുകളെയും ഉപകാരണങ്ങളെയും സംരക്ഷിക്കുന്ന 36 ശതമാനം പേരെയും സര്‍വേയില്‍ കണ്ടെത്തി. സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയായവരില്‍ 25 ശതമാനം പേര്‍ സുഹൃത്തുക്കളുടെ സഹായം തേടിയപ്പോള്‍. മറ്റു 46 ശതമാനം പേര്‍ ഹാക്കിങ് നടന്ന പ്ലാറ്റഫോമില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്തത്.

Related Articles

Back to top button