BREAKING NEWSKERALA

സ്ത്രീകള്‍ക്ക് എന്തുകൊണ്ടു വാച്ച്മാന്‍ ആയിക്കൂടാ? ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ്‌ഗ്രേഡ് തസ്തികയില്‍ വാച്ച്മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കാസര്‍ക്കോട് സ്വദേശിനി ഹൈക്കോടതിയില്‍. സ്ത്രീ എന്ന പേരില്‍ ഏതെങ്കിലും തസ്തികയില്‍നിന്നു മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന്, അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സി ജൂലിയറ്റ് പറയുന്നു.
കോഴിക്കോട് ജില്ലയിലെ ലാസ്റ്റ്‌ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തനിക്കു ജോലി നിഷേധിച്ച് താഴെ റാങ്ക് ഉള്ളയാളെ നിയമിച്ചുവെന്ന് പ്രിന്‍സി പറയുന്നു. പട്ടികയില്‍ പത്താം സ്ഥാനത്താണ് പ്രിന്‍സി. ജലസേചന വകുപ്പില്‍ വാച്ചമാന്‍ നിയമനം വന്നപ്പോള്‍ തന്നെ പരിഗണിക്കാതെ പതിനൊന്നാം സ്ഥാനത്തുള്ളയാളെ നിയമിച്ചെന്നാണ് പ്രിന്‍സി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ ആയതുകൊണ്ടാണ് തന്നെ ഈ നിയമനത്തിനു പരിഗണിക്കാതിരുന്നതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.കേരള ലാസ്റ്റ്‌ഗ്രേഡ് സര്‍വീസസ് ചട്ടങ്ങള്‍ അനുസരിച്ച് ചില തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. വാച്ച്മാന്‍, നൈറ്റ് വാച്ച്മാന്‍, ഗാര്‍ഡ്, നൈറ്റ് ഗാര്‍ഡ്, ചൗക്കീദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ലാസ്‌കര്‍, ഗേറ്റ്കീപ്പര്‍, ബുള്‍ കീപ്പര്‍, അനിമല്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് സ്ത്രീകള്‍ക്കു വിലക്കുള്ളത്.

Related Articles

Back to top button