BREAKING NEWSKERALA

ഡോ. വന്ദന കേസ്: ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന് ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഡോക്ടമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുലര്‍ച്ചെ 5ന് വന്ദനയുടെ കൊലപാതകം നടന്നിട്ട് എഫ്‌ഐആര്‍ ഇട്ടത് രാവിലെ 8.15നാണെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. കേസുകളില്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ ഇടണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. 9.30നാണ് എഫ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. നിയമം നടപ്പിലാക്കുന്നവര്‍ക്ക് വീഴ്ച വന്നെങ്കിലും അവര്‍ക്കെതിരെ നടപടിയെടുത്തില്ല. എഫ്‌ഐആറില്‍ ഐപിസിയിലെ സെക്ഷന്‍ 302 വകുപ്പ് ചേര്‍ത്തിട്ടില്ല.
നിയമം നടപ്പിലാക്കേണ്ടവര്‍ നിയമത്തില്‍നിന്ന് അകന്നു പോയി. വന്ദനാ ദാസിന്റെ കേസില്‍ സമചിത്തതയോടെ നടപടിയെടുത്തില്ല. പരുക്കേറ്റ വന്ദനാ ദാസിന് കൊട്ടാരക്കര ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ പരിഭ്രാന്തയായതിനാല്‍ ചികിത്സ നടത്തിയില്ലെന്നാണ് വാദം. അവര്‍ ഒരു മണിക്കൂറിനുശേഷം മറ്റൊരു രോഗിയെ ചികിത്സച്ചതായി അറിയാന്‍ കഴിഞ്ഞു.
പൊലീസ് വാഹനത്തിലാണ് വന്ദനയെ ചുരുട്ടികൂട്ടി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴിയില്‍ മൂന്നു മെഡിക്കല്‍ കോളജ് ഉണ്ടായിരുന്നു. ഗോകുലം, അസീസി, പാരിപ്പള്ളി മെഡിക്കല്‍ കോളജുകള്‍ പിന്നിട്ടാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റാല്‍ അടിയന്തര ചികിത്സ കിട്ടണം. അതിന് തൊട്ടടുത്ത മെഡിക്കല്‍ കോളജിലെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുക.
വന്ദനയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. വാഹനത്തില്‍നിന്ന് നടന്നിറങ്ങിയാണ് വന്ദന ആശുപത്രിയിലേക്ക് പോയത്. ഇത്തരം വിഷമങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ പരിഹാരം ഉണ്ടാകണം. കേസിലെ എഫ്‌ഐആറും എഫ്‌ഐഎസും തമ്മില്‍ വ്യത്യാസമുണ്ട്. ഇതു കേസിനെ ബാധിക്കാനിടയുണ്ട്. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നിയമവകുപ്പ് എതിര്‍ത്തു. ഈ നിലപാട് ശരിയല്ല. ഇനിയെങ്കിലും അന്വേഷണം ശരിയായി നടക്കാന്‍ നടപടിയുണ്ടാകണം. സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button