BREAKING NEWSGULFKERALANRIWORLD

ഒമാനില്‍ കനത്ത മഴ; മലയാളി ഉള്‍പ്പെടെ 12 മരണം

മസ്‌കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ (55) ആണ് ദുരന്തത്തില്‍ മരിച്ച മലയാളി. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.
സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍. മലവെള്ളപ്പാച്ചിലില്‍ വാഹനം ഒഴുകിപ്പോയാണ് എട്ടു പേര്‍ മരിച്ചത്. ഇതില്‍ ആറ് പേര്‍ കുട്ടികളും രണ്ടുപേര്‍ ഒമാനി പൗരന്മാരുമാണ്.
ഒമാനില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്‌കറ്റ്, തെക്ക്- വടക്ക് ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
അല്‍ മുദൈബിയില്‍ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button