BREAKING NEWSNATIONAL

25,753 അധ്യാപകരുടെ നിയമനം റദ്ദാക്കി, വാങ്ങിയ ശമ്പളം പലിശ സഹിതം തിരിച്ചുനല്‍കണം; ബംഗാളില്‍ സര്‍ക്കാറിന് തിരിച്ചടി

കൊല്‍ക്കത്ത: ബം?ഗാളില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംസ്ഥാനത്തെ 25,753 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. കൂടാതെ അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമവിരുദ്ധമായി നിയമിതരായ മുഴുവന്‍ അധ്യാപകരും നാലാഴ്ചയ്ക്കകം ശമ്പളം തിരികെ നല്‍കണമെന്ന് ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, എംഡി ഷബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ അധ്യാപകരില്‍ നിന്ന് പണം ഈടാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. നിയമിക്കപ്പെട്ടവരില്‍ ഒരാളായ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന സോമ ദാസ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാനും കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ബെഞ്ച്, നിയമന നടപടികള്‍ കൂടുതല്‍ അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് ഉത്തരവിട്ടു. പുതിയ നിയമന പ്രക്രിയ ആരംഭിക്കാന്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഡബ്ല്യുബിഎസ്എസ്സി ചെയര്‍മാന്‍ സിദ്ധാര്‍ഥ് മജുംദര്‍ പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ഉള്‍പ്പെടെ നിരവധി തൃണമൂല്‍ നേതാക്കളും മുന്‍ ഉദ്യോഗസ്ഥരും അധ്യാപക നിയമന കേസില്‍ ജയിലിലാണ്. ബിജെപി നേതാക്കള്‍ ജുഡീഷ്യറിയെ സ്വാധീനിക്കുകയാണെന്ന് ഉത്തരവിനോട് പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ബിജെപി ബംഗാളിനെയും തൃണമൂല്‍ സര്‍ക്കാരിനെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. അതേസമയം, വിധിയെ സ്വാ?ഗതം ചെയ്ത് ബിജെപി രം?ഗത്തെത്തി. ഹൈക്കോടതി 24,000 അനധികൃത എസ്എസ്സി റിക്രൂട്ട്മെന്റുകള്‍ റദ്ദാക്കി. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ സന്തോഷിക്കുകയാണ്. മരുമകനും അമ്മായിക്കും പോകാനുള്ള സമയമായെന്നും ബിജെപി ബം?ഗാള്‍ ഘടകം അഭിപ്രായപ്പെട്ടു.
24,640 ഒഴിവുകളിലേക്കുള്ള പരീക്ഷയില്‍ 23 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 9, 10, 11, 12 ക്ലാസുകളിലെ അധ്യാപകരുടെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫര്‍മാരുടെയും തസ്തികകള്‍ ഉള്‍പ്പെടുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയായ അഭിജിത് ഗാംഗുലി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. റിക്രൂട്ട്മെന്റ് കേസിലെ ഹര്‍ജികളും അപ്പീലുകളും കേള്‍ക്കാന്‍ ഡിവിഷന്‍ ബെഞ്ച് രൂപീകരിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി കഴിഞ്ഞ നവംബറില്‍ നിര്‍ദേശിക്കുകയും നിയമനം റദ്ദാക്കിയവര്‍ക്ക് ആറ് മാസത്തെ സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button