BREAKING NEWSKERALA

‘വീണ കുട്ടിയായിരിക്കുന്ന കാലം മുതല്‍ ഇത്തരം പ്രചരണങ്ങള്‍ കേട്ടാണ് വളര്‍ന്നത്, മകള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല’: പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെറ്റായ നയമാണ് മോദിക്ക് വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതിക്കൊപ്പം മൗനത്തിലൂടെ കോണ്‍ഗ്രസ് നിന്നു. രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കലല്ല, കോണ്‍ഗ്രസിന്റെ നിലപാടാണ് ചോദിച്ചത്.
സ്വന്തം നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കും. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കു നേരെ വരുമ്പോള്‍ കോണ്‍ഗ്രസ് അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നില്‍ക്കും. അതിന്റെ ഏറ്റവും വലിയ ദുരന്തസാക്ഷിയാണ് അരവിന്ദ് കെജ്‌രിവാള്‍.
അങ്ങനെയുള്ള വിരട്ടലൊന്നും ഞങ്ങളുടെ നേരെ ചിലവാകില്ല. കേന്ദ്ര ഏജന്‍സികള്‍ പലപ്പോഴും രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു. രാജ്യത്ത് 95 ശതമാനവും ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കള്‍ക്കു നേരെയാണ് നടപടി. ബിജെപി ആകുന്നതോടെ പവിത്രവല്‍ക്കരിക്കുന്നു, ഫൈറ്റ് ചെയ്തു നില്‍ക്കുന്നവരെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നു.
നിയമത്തെ വല്ലാതെ ദുരുപയോഗിക്കുന്നതില്‍ കോടതികള്‍ക്കും അസ്വസ്ഥത വരുന്നുണ്ട്. കിഫ്ബിക്കെതിരെ നോട്ടീസ് വന്നപ്പോള്‍ എന്തുകൊണ്ട് താമസിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്
ഇത് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ മാത്രം പ്രശ്‌നമല്ല, കോണ്‍ഗ്രസിന്റെ പൊതു മനോഭാവമാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിന് എതിരല്ല. രാഷ്ട്രീയ പ്രേരിതമാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ വരുന്നത്.
തെരഞ്ഞെടുപ്പുഘട്ടം വരുമ്പോള്‍ ചില കാര്യങ്ങളില്‍ വലിയ പ്രാധാന്യം വരും. കേരളത്തില്‍ ദീര്‍ഘകാലമായി ഒരു വൃത്തം എന്നെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു. അതിനാവശ്യമായ പിന്തുണ പല തലങ്ങളില്‍ നിന്ന് ലഭിക്കുന്നു. സാമ്പത്തിക മാധ്യമ പിന്തുണയും ലഭിക്കുന്നു.
അതൊന്നും നമ്മളെ തകര്‍ത്തുകളഞ്ഞില്ലല്ലോ. വ്യക്തി എന്ന നിലയില്‍ ഞാന്‍ തകര്‍ന്നുപോയില്ല. മടിയില്‍ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. കൈകള്‍ എപ്പോഴും ശുദ്ധമായി നിന്നാല്‍ യാതൊന്നും പേടിക്കേണ്ടതില്ല. വലിയ പുകമറവരും, ഉള്ളാലെ ചിരിച്ചുകൊണ്ടു നേരിടാന്‍ പറ്റും.
മകള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. മകള്‍ ഒരു കമ്പനി നടത്തി, ആരെല്ലാം കമ്പനി നടത്തുന്നു. നല്‍കിയ സേവനങ്ങള്‍ക്ക് പ്രതിഫലം പറ്റുന്നത് നിയമവിരുദ്ധമാണോ. എല്ലാം ആദായനികുതി കണക്കുകളിലുണ്ട്. എല്ലാം നിയമപരമായിട്ടും പുകമറ സൃഷ്ടിക്കുന്നു.
വീണ കുട്ടിയായിരിക്കുന്ന കാലം മുതല്‍ ഇത്തരം പ്രചരണങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ജീവിത സാഹചര്യം അവര്‍ക്ക് അറിയാം, അതിന്റെ ഭാഗമായുള്ള ശുദ്ധത സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. എന്തെല്ലാം പുകമറ സൃഷ്ടിച്ചാലും കൂസലില്ലാത്തത് ജീവിതത്തില്‍ ശുദ്ധി കൊണ്ടു നടക്കാന്‍ കഴിയുന്നതുകൊണ്ടാണ് ആ ശുദ്ധി നഷ്ടപ്പെട്ടാലേ ഭയപ്പെടേണ്ടതുള്ളൂ. ലത്തീന്‍ സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതും ബിജെപിക്ക് അനുകൂലമാക്കാന്‍. മണിപ്പൂരിലെ അനുഭവം മുന്നിലുള്ളപ്പോള്‍ എങ്ങനെ അനുകൂലിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button