KERALALATEST

ബിജെപിയില്‍ പോകാന്‍ തോന്നിയാല്‍ പോവും; ആര്‍എസ്എസ് പ്രസ്താവനയില്‍ ഉറച്ച് സുധാകരന്‍

കണ്ണൂര്‍: ആര്‍എസ്എസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ പ്രസ്താവനകളില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സ്. ബില്ല് സഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉടന്‍ യോഗം വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാവും.
ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവര്‍ണര്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയര്‍ ആര്യ രാജിവെക്കേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. വന്‍ അഴിമതി നടത്തിയ മേയര്‍ രാജിവയ്ക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
***

Related Articles

Back to top button