BREAKING NEWSKERALA

ഇന്ന് രണ്ടാം ഘട്ടം, കേരളം ഇന്ന് വിധിയെഴുതും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഉള്ളില്‍ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികള്‍ക്കും. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. 2 കോടി 77 ലക്ഷത്തി 49159 വോട്ടര്‍മാരാണ് ആകെ വോട്ടര്‍മാര്‍. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
കര്‍ണാടകയില്‍ 14 സീറ്റിലും രാജസ്ഥാനില്‍ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എട്ട് സീറ്റിലും മധ്യപ്രദേശില്‍ ഏഴിടത്തും അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ചിടത്തും ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്നിടത്തും ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.
കേരളത്തില്‍ പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ല്‍ 77.67 ശതമാനമായിരുന്നു പോളിംഗ്, വമ്പന്‍ പ്രചാരണത്തിന്റെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാര്‍ട്ടികളുടെ പ്രതീക്ഷ. അവസാനമണിക്കൂറിലും തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍, വിട്ടുപോയവരെ ഒരിക്കല്‍ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ചും ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിച്ചും വോട്ടുറപ്പാക്കല്‍ തുടര്‍ന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരത്തില്‍ വമ്പന്‍ജയം പ്രതീക്ഷിക്കുന്നു യുഡിഎഫ്. പത്തിലേറെ സീറ്റുകളില്‍ എതിരാളികള്‍ പോലും യുഡിഎഫ് ജയം സമ്മതിക്കുന്നുവെന്നാണ് നേതൃത്വം പറയുന്നത്. കടുത്ത മത്സരങ്ങളുള്ള മൂന്നോ നാലോ സീറ്റുകളിലും മുന്നില്‍ മുന്നണിയെന്ന് അവകാശവാദം. ബിജെപി വിരുദ്ധവോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിനെക്കാള്‍ ഇടതിനായി ഏകീകരിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.
സിഎഎയില്‍ ഊന്നി മുഖ്യമന്ത്രി നയിച്ച പ്രചാരണം നേട്ടമുണ്ടാക്കിയെന്ന് നേതൃത്വം. 2004 ലെ ഇടത് തരംഗത്തിന്റെ ആവര്‍ത്തനമുണ്ടാകുമെന്ന് അവകാശവാദം. മോദി കേരളത്തിലും സീറ്റ് കൊണ്ടുവരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡബിള്‍ ഡിജിറ്റ് പറയുന്നെങ്കിലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് എന്‍ഡിഎ അവകാശവാദം.
കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14 സീറ്റിലും രാജസ്ഥാനില്‍ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എട്ട് സീറ്റിലും മധ്യപ്രദേശില്‍ ഏഴിടത്തും അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ചിടത്തും ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്നിടത്തും ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

Related Articles

Back to top button