KERALALATEST

കക്കി ഡാം തുറന്നു; ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്തും

കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റില്‍ 100 ക്യുമെക്‌സ് മുതല്‍ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതല്‍ 15 വരെ സെ.മി പമ്പയില്‍ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ടയില്‍ ചേരുന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകളും അല്‍പസമയം മുന്‍പ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

Related Articles

Back to top button