KERALALATEST

കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു; മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നതോടെയാണ് 11 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം എത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റ പ്രവീണ രവികുമാര്‍ പ്രസിഡന്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയാണ് പ്രവീണയുടെ ജയം.
കോണ്‍ഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയായിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. രാവിലെ പൊലീസിന്റ വലിയ സുരക്ഷാവലയത്തിലാണ് മൂന്നാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയ ദിവസം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ ഇന്ന് പ്രവര്‍ത്തകരെ കവാടത്തിന് പുറത്താണ് നിര്‍ത്തിയത്. പഞ്ചായത്ത് ഓഫീസിന് അകത്ത് പഞ്ചായത്ത് അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. തുടര്‍ന്ന് 11 മണിയോടെ ഭരണാധികാരി ഫറൂക്കിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. യുഡിഎഫിന്റ ദീപ രാജ്മാറും കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചേക്കേറിയ പ്രവീണ രവികുമാറും തമ്മിലായിരുന്നു മത്സരം.
ദീപ രാജ്കുമാറിന് ഒമ്പത് വോട്ടും പ്രവീണക്ക് 12 വോട്ടും ലഭിച്ചു. തുടര്‍ന്ന് പ്രവീണ രവികുമാറിനെ വിജയിയായി ഭരണാധികാരി പ്രഖ്യാപിക്കുകയും പ്രവീണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റ് ലൈഫ് പദ്ധതി നടപ്പിലാക്കുമെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തിറങ്ങി കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. അല്പനേരം കഴിഞ്ഞ് പിരിഞ്ഞു പോയി. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വലയത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button