BREAKING NEWSLATESTWORLD

അധ്യാപകര്‍ക്ക് സ്‌കൂളില്‍ കൈത്തോക്ക് കൊണ്ടുപോകാം, ടെന്നസിയില്‍ ബില്ലിന് അംഗീകാരം, വിമര്‍ശനവും ശക്തം

അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയില്‍ അധ്യാപകര്‍ക്ക് സ്‌കൂളില്‍ കൈത്തോക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്ന ബില്‍ പാസാക്കി. യുഎസ്സില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വെടിവയ്പ്പ് തുടര്‍ക്കഥയാവുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ടെന്നസിയിലെ നാഷ്വില്ലേ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടത്. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഈ മാസം ആദ്യമാണ് അധ്യാപകരെ സ്‌കൂളില്‍ കൈത്തോക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്ന ബില്‍ സെനറ്റ് പാസാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 68 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇവിടെ ഭൂരിപക്ഷം. അധ്യാപകര്‍ സ്‌കൂളില്‍ തോക്ക് കൊണ്ടുചെന്നാല്‍ അത് ഇത്തരം വെടിവയ്പ്പുകളെ തടയും എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അഭിപ്രായം.
അതേസമയം സ്‌കൂളുകളില്‍ തോക്കു കൊണ്ടുപോകുന്ന അധ്യാപകരും മറ്റ് വിദ്യാലയ ജീവനക്കാരും 40 മണിക്കൂര്‍ പ്രത്യേകം പരിശീലനം നേടിയിരിക്കണം. ആ പരിശീലനത്തിനുള്ള തുകയും അതുപോലെ തോക്ക് വാങ്ങാനുള്ള ചെലവും ഇവര്‍ തന്നെ വഹിക്കേണ്ടി വരും. ഒപ്പം സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ അനുവാദവും തോക്ക് സ്‌കൂളില്‍ കൊണ്ടുചെല്ലുന്നതിന് വേണ്ടതുണ്ട്. പക്ഷേ, തോക്ക് കയ്യിലുള്ള അധ്യാപകരുടെയോ അനധ്യാപകരുടെയോ പേരുവിവരം രഹസ്യമായിരിക്കും. പ്രാദേശിക നിയമപാലകരുടെ കൈവശം ഇവരുടെ മുഴുവന്‍ വിവരങ്ങളും ഉണ്ടായിരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അധ്യാപകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും തോക്ക് നല്‍കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളായി തുടരുന്ന സ്‌കൂളിലെ വെടിവയ്പ്പ് തടയും എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍ പറയുന്നത്. അതേസമയം തന്നെ ഡെമോക്രാറ്റുകള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം അവര്‍ വീണ്ടും തോക്കുകളെയാണ് സംരക്ഷിക്കുന്നത് എന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന ആരോപണം.
തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തന്നെ നിര്‍ത്തലാക്കണം എന്ന ആവശ്യം ഉയര്‍ന്നുവരുന്നതിനിടയിലാണ് ഇങ്ങനെ ഒരു ബില്‍ പാസാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button