WEB MAGAZINE

ചവിട്ടുനാടകത്തിന്റെ ആചാര്യ സബീന റാഫി

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

കേരളത്തിലെ കഥകളി, കൂടിയാട്ടം എന്നീ കലാരൂപങ്ങളോടും യൂറോപ്യന്‍ ഓപ്പറയോടും വളരെയടുത്ത സാമ്യം പുലര്‍ത്തുന്ന അതിപ്രാചീനമായ ഒരു കലാരൂപമാണ് ചവിട്ടു നാടകം. വീരരസ പ്രധാനമായ സംഗീതനൃത്തനാടക അഭിനയങ്ങളും പാട്ടും പയറ്റുമെല്ലാം ഇതില്‍ സമന്വയിച്ചിരിക്കുന്നു.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന പോഞ്ഞിക്കര റാഫിയുടെ ഭാര്യയായിരുന്നു ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവായിരുന്ന സബീന റാഫി. ജനിച്ചു വളര്‍ന്ന വീട്ടിലെ അന്തരീക്ഷവും പ്രോത്സാഹനവുമാണ് ചവിട്ടുനാടകവുമായി ബന്ധപ്പെടാന്‍ സബീനയെ സഹായിച്ചത്. ചവിട്ടു നാടകത്തെക്കുറിച്ച് കണ്ടുംകേട്ടും മനസിലാക്കിയപ്പോള്‍ കൂടുതല്‍ ഗവേഷണം നടത്തുവാന്‍ നിശ്ചയിച്ചു. ഭര്‍ത്താവിന്റെ മുത്തച്ഛന്‍ അച്ചാക്കോ ശൗര്യാര്‍ 120 പേര്‍ ഒരുമിച്ചു പങ്കെടുക്കുന്ന ഒരു ചവിട്ടുനാടകത്തിന്റെ സംവിധായകനായിരുന്നു. അതും പഠനത്തിന് ഏറെ പ്രചോദനകരമായി. തുടര്‍ന്ന് ചവിട്ടുനാടകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാടക ആശാന്മാരില്‍ നിന്നും നടന്മാരില്‍ നിന്നും ചോദിച്ചറിയുവാന്‍ ശ്രമിച്ചു. ലഭിച്ച വിവരങ്ങള്‍ ഒരു ലേഖന രൂപത്തിലാക്കി സാഹിത്യപരിഷത് മാസികയില്‍ പ്രസിദ്ധീകരിച്ചു. 1957 ഒക്ടോബറില്‍ കോട്ടയത്തു നടന്ന സാഹിത്യ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ചവിട്ടുനാടകം പ്രദര്‍ശിപ്പിക്കുവാന്‍ അവസരം ലഭിച്ചതിന്റെ കാരണവും ഒരുപക്ഷേ ആ ലേഖനമായിരുന്നിരിക്കാം.
ആ ചവിട്ടുനാടകം കണ്ടു സന്തോഷിക്കുവാനുള്ള ഭാഗ്യം പക്ഷേ സബീന റാഫിക്കു ലഭിച്ചില്ല. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭൂതമാകാന്‍ ചവിട്ടുനാടകത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ആകാശവാണി ഡയറക്ടര്‍ ജനറലായിരുന്ന ജെ.സി മാത്തൂര്‍, പ്രൊഡ്യൂസര്‍ ആദ്യ രംഗാചാര്യ, മറാത്തി സാഹിത്യകാരന്‍ മാമാ വരേര്‍ക്കര്‍, ബംഗാളി നാടകകൃത്ത് സച്ചിന്‍ സെന്‍ ഗുപ്ത, ഗുരു ഗോപിനാഥ് തുടങ്ങിയ അനേകര്‍ ഈ പ്രാചീന കലയെ വളരെയധികം പ്രോത്സാഹിപ്പിച്ചവരാണ്.
ന്യൂഡല്‍ഹിയില്‍ വെച്ച് ചവിട്ടുനാടകം കണ്ട വടക്കേ ഇന്ത്യക്കാര്‍ക്കും വിദേശീയര്‍ക്കും ഉണ്ടായ പ്രധാന സംശയം ഇതിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചായിരുന്നു. എങ്ങനെയാണ് വിദേശച്ചുവയുള്ള ഈ നാടകപ്രസ്ഥാനം കേരളത്തില്‍ എത്തിയത്? കേരളത്തില്‍ ചവിട്ടുനാടകം രൂപമെടുത്തതിനു പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമായിരുന്നു? നിരവധി പേര്‍ ചോദിച്ച അഥവാ ഇന്നും ചോദിക്കുന്ന ചോദ്യങ്ങളത്രേ ഇവ.
ക്രിസ്തുവര്‍ഷം പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസ് കച്ചവടക്കാരോടൊപ്പം ക്രിസ്തുമത പ്രചാരണാര്‍ത്ഥം കേരളത്തില്‍ വന്ന യൂറോപ്യന്‍ മിഷനറിമാരായിരുന്നു വാസ്തവത്തില്‍ ചവിട്ടുനാടകത്തിന്റെ പ്രണേതാക്കള്‍. കലാകേന്ദ്രമായ ഇറ്റലിയില്‍ നിന്നു വന്നവരായിരുന്നു ഇവരില്‍ പലരും. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ സന്ദേശവാഹകന്മാര്‍ കൂടിയായിരുന്ന ഇവരാണ് കേരളത്തിന്റെ കലാപാരമ്പര്യങ്ങളുമായി ഈ പ്രാചീനകലയെ സമന്വയിപ്പിച്ച് ‘ചവിട്ടുനാടകം’ എന്ന പേരില്‍ വളര്‍ത്തിയെടുത്തതനെന്നു വേണം കരുതുവാന്‍.
ചവിട്ടുനാടകം കേരളീയര്‍ ആസ്വദിക്കണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ടീച്ചര്‍ കരുതിയിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ വേഷ വിധാനങ്ങളില്‍ കാലത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. പഴയ ചവിട്ടുനാടക ആശാന്മാരും നടന്മാരും കഥാവശേഷരായിക്കൊണ്ടിരിക്കുന്നുവെന്നതും സബീന റാഫിയുടെ ഒരു സ്വകാര്യ ദുഃഖമായിരുന്നു. 1989 ജൂണ്‍ 22ന് സബീന റാഫി അന്തരിച്ചു.
പോഞ്ഞിക്കര റാഫി
മലയാളത്തിലെ ബോധധാരാനോവലായ ‘സ്വര്‍ഗദൂതന്റെ’ രചയിതാവായ പോഞ്ഞിക്കര റാഫി 1924 ഏപ്രില്‍ 12ന് ഏറണാകുളത്ത് പോഞ്ഞിക്കരയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. ട്രേഡ് യൂണിയനിലൂടെ പാര്‍ട്ടിയിലും അവിടെ നിന്നു സാഹിത്യത്തിലും പ്രവേശിച്ച അദ്ദേഹം സാഹിത്യ ലോകത്ത് ഒരു നവീന ചക്രവാളം വെട്ടിപിടിച്ചു. 1966 മുതല്‍ 1974 വരെ അദ്ദേഹം സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു. എന്‍ബിഎസിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചവിട്ടുനാടകത്തിന്റെ ആചാര്യനായിരുന്ന നടുവിത്തേഴത്ത് അച്ചക്കോ ശൗര്യാര്‍ ആയിരുന്നു റാഫിയുടെ മുത്തച്ഛന്‍. കുറെ നാള്‍ സിനിമാരംഗത്തും പ്രവര്‍ത്തിച്ച റാഫിയാണ് വയലാര്‍ രാമവര്‍മ്മയെ സിനിമാരംഗത്തേക്ക് ആനയിച്ചത്. സിനിമാ മേഖല തനിക്കു പറ്റിയതല്ലെന്ന് ബോധ്യമായതോടെ ആ രംഗത്തോട് വിടപറയുകയും ചെയ്തു. ആശയപരമായി കമ്യൂണിസ്റ്റ് ആദര്‍ശങ്ങളുടെ അനുഭാവിയായിരുന്നെങ്കിലും ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക അംഗമായിരുന്നില്ല. മാര്‍ക്‌സിസത്തിലും ആത്മീയത കൊണ്ടുവരണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും നന്മ നിറഞ്ഞ മനുഷ്യര്‍ പി.കൃഷ്ണപിള്ളയും മത്തായി മാഞ്ഞൂരാനും എകെജിയുമായിരുന്നവെന്നാണ് റാഫി വിശ്വസിച്ചിരുന്നത്. കൂടെയുള്ളവരെ അമ്മയെപ്പോലെ കൊണ്ടു നടന്നവരായിരുന്നു അവര്‍.
ട്രേഡ് യൂണിയന്‍ നേതാവായി പ്രവര്‍ത്തിച്ചിരുന്ന റാഫി ‘സോഷ്യലിസ്റ്റ് ലേബറിന്റെ’ പത്രാധിപരായിട്ടാണ് 1978ല്‍ പിരിഞ്ഞത്. അദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനമായവ 11 ചെറുകഥാസമാഹാരങ്ങള്‍, 8 നേവലുകള്‍, 2 നാടകങ്ങള്‍, 2 ഉപന്യാസങ്ങള്‍ എന്നിവയാണ്. റാഫിയും ഭാര്യ സെബീന റാഫിയും ചേര്‍ന്നു രചിച്ച കൃതിയാണ് കലിയുഗം. ഹിപ്പികളില്‍ തുടങ്ങി ഇന്നുവരെയുള്ള മനുഷ്യസ്വഭാവത്തിന്റെ ഒരു ഗവേഷണപഠനമാണ് ആ കൃതി.1971 ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കലിയുഗത്തിനാണ് ലഭിച്ചത്. 1958ലാണ് സ്വര്‍ഗദൂതന്‍ പുറത്തിറങ്ങിയത്. കേരള യൂണിവേഴ്‌സിറ്റി ആ കൃതി ബി.കോമിന് പാഠപുസ്തകവുമായി അംഗീകരിക്കുകയുണ്ടായി. അഞ്ചരവയസുള്ള ഒരു കുട്ടിയുടെ ഒരു കൊല്ലത്തെ ജീവിതാണ് ആ കൃതിയിലെ പ്രതിപാദ്യ വിഷയം. ബൈബിളിലെ പറുദീസയും നോഹയുടെ പ്രളയവും മനുഷ്യരാശിയുടെ തന്നെ ശൈശവകഥയും സിംബോളിക് ആയി അദ്ദേഹം വിവരിച്ചിട്ടുണ്ട്. ‘ഇന്ത്യന്‍ സംസ്‌കാരവും ശുക്രനീതി’യുമാണ് പോഞ്ഞിക്കര റാഫിയുടെ ഇഷ്ടകൃതി.
ജീവിതത്തില്‍ അദ്ദേഹം ഏറ്റവുമധികം ബഹുമാനിച്ചിരുന്ന മതനേതാവ് നടരാജഗുരു ആയിരുന്നു. അതിനുള്ള കാരണങ്ങളും റാഫി വിലയിരുത്തുന്നുണ്ട്. ‘നടരാജഗുരുവിന്റെ ആശയസ്വപ്‌നങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും എന്റേതുമായി വളരെ സാമ്യമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ടുപോയിട്ടുള്ള അദ്ദേഹത്തിന്റെ പ്രശാന്തവും സുചിന്തിതവുമായ സംഭാഷണങ്ങള്‍ അനേക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്താലുണ്ടാകുന്ന ഫലമാണ് എന്നില്‍ ഉളവാക്കിയിട്ടുള്ളത്. ലോകത്തിലെ എട്ടോ പത്തോ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു നടരാജഗുരു. മൂന്ന് ഡോക്ടറേറ്റുകള്‍ സമ്പാദിച്ചിരുന്ന ആ മഹാനുഭാവന്‍ വസ്ത്രങ്ങള്‍ സ്വയം അലക്കുമായിരുന്നു. മരംകൊണ്ടുള്ള കട്ടിലില്‍ പായ വിരിച്ചായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധി, വിനയം ലാളിത്യം എന്നിവ ഇന്നുള്ള ഒരു മതനേതാവിലും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സോവിയറ്റ് റഷ്യയില്‍ സ്വാഗതം ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സന്യാസിയും നടരാജഗുരുവാണെന്നാണ് എന്റെ ഓര്‍മ്മ. വര്‍്ക്കല ഗുരുകുലത്തില്‍ വച്ച് ഡോ.സുകുമാര്‍ അഴിക്കോട്, പ്രഫസര്‍ എം.കെ. സാനു എന്നിവരൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ഓമനപ്പേര് നല്‍കി-ത്രിമൂര്‍ത്തികള്‍. ഡോ. അഴിക്കോട് വിഷ്ണുവും പ്രഫസര്‍ സാനു ശിവനും, ഞാന്‍ ബ്രഹ്മാവും.’ റാഫി ഓര്‍മ്മിക്കുന്നു. സ്വാമി സദാനന്ദ സരസ്വതി, കേസരി, ചങ്ങമ്പുഴ, മുണ്ടശ്ശേരി, എം.പി.പോള്‍ എന്നീ മഹാരഥന്മാരെയും പോഞ്ഞിക്കര റാഫി ഏറെ ആദരിച്ചിരുന്നു. അന്നത്തെപ്പോലുള്ള സാഹിത്യ സായാഹന്നങ്ങളും പ്രോത്സാഹനങ്ങളും ഇന്ന് സാഹിത്യമേഖലയില്‍ ഇല്ലാത്തത് മലയാള സാഹിത്യത്തിന്റെ കഷ്ടകാലമായും അദ്ദേഹം കരുതിയിരുന്നു.
റാഫി-സബീന ദമ്പതികള്‍ക്ക് കുട്ടികളില്ല. സെബിനയുടെ അന്ത്യം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. ദീപം ഡെയിലി, സുപ്രഭ വീക്കിലി, ഉദയം വീക്കില, ഡെമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി റാഫി സേവനമനുഷ്ടിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിഎം സ്റ്റീഫന്റെ പത്രത്തിന്റ പത്രാധിപരായും റാഫി ജോലി നോക്കുകയുണ്ടായി. രാജ്യത്തിന്റെ അച്ചടക്കത്തിനു വേണ്ടി അടിയന്തിരാവസ്ഥ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് റാഫി ഒരിക്കല്‍ പറയുകയുണ്ടായി. ആറ്റംബോംബ് യുഗം വന്നെങ്കിലേ ലോകം നന്നാകൂകയുള്ളൂ എന്ന ഗതികേടില്‍ നാമിന്ന് എത്തിക്കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ഒരിക്കല്‍ എഴുതുകയുണ്ടായി. 1992 സെപ്തംബര്‍ 6ന് പോഞ്ഞിക്കര റാഫി അന്തരിച്ചു.

Related Articles

Back to top button